രോഗികളുടെ എണ്ണം വർധിച്ചാൽ രോഗലക്ഷണം ഇല്ലാത്തവരുടെ ചികിത്സ വീട്ടിലെന്ന് മുഖ്യമന്ത്രി

Webdunia
ശനി, 18 ജൂലൈ 2020 (19:32 IST)
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ രോഗലക്ഷണമില്ലാത്തവർക്കും ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്തതുമായവര്‍ക്കും വീടുകളില്‍ തന്നെ പരിചരണം നൽകുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
 
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ 60 ശതമാനത്തിന് മുകളിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളിൽ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ട് എന്ന സ്ഥിതിയാണെങ്കിൽ വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കാമെന്നാണ് മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം നിലവില്‍ 60 ശതമാനത്തിന് മുകളിലാണ്. കൂടാതെ പല ജില്ലകളിലും രോഗികളുടെ ക്ലസ്റ്ററും രൂപപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം നിർദേശങ്ങൾ പരിഗണിക്കേണ്ടതായി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article