രാജ്യത്തെ നടുക്കിയ പരവൂർ ദുരന്തത്തിൽ സര്‍ക്കാരിലെ ഉന്നതരെയും പൊലീസിനെയും രക്ഷിക്കാന്‍ ശ്രമം ഊര്‍ജ്ജിതം. ദുരന്തത്തില്‍ വീഴ്‌ച സംഭവിച്ചത് പൊലീസിനാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സർക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറികടന്ന് ഡിജിപി ടിപി സെന്‍കുമാറിനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശദീകരണം തേടിയതിനെതിരെ ആഭ്യന്തര സെക്രട്ടറി രംഗത്തെത്തി.
തന്റെ റിപ്പോര്‍ട്ട് മറികടന്ന് കീഴ് ഉഗ്യോഗസ്ഥനായ ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത് ശരിയായ നടപടിയല്ലെന്ന് കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നളിനി നെറ്റോ പരാതി നല്‍കി. തന്റെ റിപ്പോർട്ട് സർക്കാർ ഡിജിപിക്ക് കൈമാറിയത് ശരിയായില്ല. ഡിജിപിയുടെ റിപ്പോർട്ടും കൂടെ പരിഗണിച്ചാണ് താൻ റിപ്പോർട്ട് നൽകിയിരുന്നത്. തെറ്റും ശരിയും കൃത്യമായി വിലയിരുത്തിയാണ് തന്റെ റിപ്പോർട്ടെന്നും ആഭ്യന്തര സെക്രട്ടറി പറയുന്നു.
വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിന് വീഴ്‌ച പറ്റിയതായി നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയ ആഭ്യന്തരമന്ത്രി പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ പൊലീസും വെടിക്കെട്ടിന് സമ്മര്‍ദ്ദം ചെലുത്തിയ ഉന്നതരും രാഷ്‌ട്രീയനേതാക്കളും കുടുങ്ങുമായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ രക്ഷിക്കാന്‍ പുതിയ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്.
നടക്കാൻ പോകുന്നത് മൽസരകമ്പമെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പൊലീസ് അവഗണിച്ചെന്നും അതിനാൽ നടപടി വേണമെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ്, ചാത്തന്നൂർ എസിപി, പരവൂർ സിഐ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു.
എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ് പരവൂരിൽ സംഭവിച്ചതെന്നാണ് ഡിജിപിയുടെ പക്ഷം. നിരോധന ഉത്തരവ് ജനങ്ങളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടു. ഉത്തരവാദിത്തം പൊലീസിനു മാത്രമല്ല. വീഴ്ചകൾ എവിടെയൊക്കെ ഉണ്ടായെന്നത് കൃത്യമാണ്. പൊലീസിനെ മാത്രം ബലിയാടാക്കുന്നത് ആത്മവീര്യം ഇല്ലാതാക്കുമെന്നും ഡിജിപി വ്യക്തമാക്കി.