പരവൂര്‍ ദുരന്തം: വെടിക്കെട്ട് പാടില്ലെന്ന റിപ്പോര്‍ട്ട് പൊലീസ് തിരുത്തി; മത്സരക്കമ്പം ഒഴിവാക്കിയാല്‍ മതിയെന്ന് പൊലീസിന്റെ തിരുത്തിയ റിപ്പോര്‍ട്ട്

ശനി, 16 ഏപ്രില്‍ 2016 (11:26 IST)
പരവൂരില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്കിക്കൊണ്ടുള്ള പൊലീസിന്റെ വിവാദ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആദ്യം വെടിക്കെട്ട് പാടില്ലെന്ന് നിര്‍ദ്ദേശം നല്കിയ പൊലീസ് പിന്നീട് അത് തിരുത്തി മത്സരക്കമ്പം ഒഴിവാക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
 
വെടിക്കെട്ട് സംബന്ധിച്ച ആദ്യറിപ്പോര്‍ട്ട് ഏപ്രില്‍ നാലിനായിരുന്നു നല്കിയത്. ഇതില്‍ വെടിക്കെട്ട് നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, നാലു ദിവസത്തിനു ശേഷം ഏപ്രില്‍ എട്ടിനു നല്കിയ രണ്ടാം റിപ്പോര്‍ട്ടില്‍ നേരത്തെയെടുത്ത തീരുമാനത്തില്‍ മലക്കം മറിഞ്ഞ പൊലീസ് മത്സരക്കമ്പം ഒഴിവാക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
 
ചാത്തന്നൂര്‍ എ സി പിയും പരവൂര്‍ എസ് ഐയും വെടിക്കെട്ടിനെ അനുകൂലിച്ചാണ് റിപ്പോര്‍ട്ട് നല്കിയിരുന്നത്. ഏപ്രില്‍ എട്ടിന് നല്കിയ റിപ്പോര്‍ട്ടില്‍ മത്സരക്കമ്പം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, മറ്റ് സുരക്ഷാപ്രശ്നങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക