സിമി ക്യാമ്പ്: ആദ്യ രണ്ടു പ്രതികൾക്ക് 14 വർഷം, ശേഷിക്കുന്നവർക്ക് 12 വർഷവും കഠിന തടവ്

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2015 (11:50 IST)
പാനായിക്കുളത്ത് നിരോധിത ഭീകര സംഘടനയായ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി)യുടെ യോഗം ചേർന്ന കേസിൽ ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പ്രസ്‌താവം നടത്തിയത്. അഞ്ചു പ്രതികൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗൂഢാലോചനക്കുറ്റവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി യോഗം ചേരൽ, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ഒന്നാം പ്രതി ഈരാറ്റുപേട്ട നടയ്ക്കൽ പീടിയാക്കൽ പി.എ. ഷാദുലി, രണ്ടാം ഈരാറ്റുപേട്ട നടയ്ക്കൽ പേരകത്തുശേരിൽ അബ്ദുൾ റാസിക്ക് എന്നിവർക്ക് എൻ.ഐ.എകോടതി 14 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കേസിലെ മറ്റു മൂന്നു പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലിൽ അൻസാർ, ആലുവ പാനായിക്കുളം ജാസ്മിൻ മൻസിലിൽ നിസാമുദ്ദീൻ, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കൽ വീട്ടിൽ ഷമ്മാസ് എന്നിവർക്ക് പന്ത്രണ്ട് വർഷം കഠിന തടവുമാണ് ശിക്ഷ. അബ്ദുൾ റാസിക്കിനും അൻസാറിനുമെതിരെ രാജ്യദ്രോഹപരമായി പ്രസംഗിക്കൽ എന്ന കുറ്റവും ഷാദുലി, അബ്ദുൾ റാസിക്ക് എന്നിവർക്കെതിരെ നിരോധിക്കപ്പെട്ട സംഘടനയിൽ അംഗങ്ങളായി തുടരുന്നുവെന്ന കുറ്റവും (തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം) ചുമത്തിയിട്ടുണ്ട്.

2006ല്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ‘സ്വാതന്ത്ര്യദിനത്തിൽ മുസ്​ലിംകളുടെ പങ്ക്’ എന്ന പേരിൽ ആലുവയ്ക്കടുത്ത്  പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് ആരോപണം. നടന്നത് സിമി ക്യാമ്പല്ല മറിച്ച് പ്രാദേശിക കൂട്ടായ്മയായ ഇസ്ലാമിക് യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിയായിരുന്നു എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

കേസില്‍ 50 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. നിയമ വിരുദ്ധമായി യോഗം ചേരുക, രാജ്യവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക, നിരോധിത സംഘനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നിവയാണ്  പ്രതികള്‍ക്കെതിരായ കുറ്റം.
വിചാരണ പൂര്‍ത്തിയായ ശേഷം കോടതി കഴിഞ്ഞ ദിവസങ്ങളിലായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. ലഘുലേഖകള്‍, പുസ്തകങ്ങള്‍, സിഡികള്‍ എന്നിവയടക്കും ഒന്‍പത് തൊണ്ടിസാധനങ്ങളും-69 രേഖകളും കുറ്റപത്രത്തോടപ്പം എന്‍ഐഎ സമര്‍പ്പിച്ചിരുന്നു.