പമ്പ അണക്കെട്ട് ചൊവ്വാഴ്‌ച രാവിലെ അഞ്ചിനും ഇടമലയാർ രാവിലെ ആറിനും തുറക്കും

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (21:51 IST)
ഇടുക്കി അണക്കെട്ടിന് പുറമെ പമ്പ, ഇടമലയാര്‍ അണക്കെട്ടുകളും ചൊവ്വാഴ്ച തുറക്കും. പമ്പ അണക്കെട്ട് രാവിലെ അഞ്ചിനും ഇടമലയാർ ഡാം ആറിനുമായിരിക്കും തുറക്കുക. ഇടുക്കി അണക്കെട്ട് രാവിലെ 11ന് തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
 
പമ്പാ ഡാമിന്റെ ഷട്ടറായിരിക്കും തുറക്കുക. നേരത്തെ തുറന്ന കക്കി ഡാം ഉള്‍പ്പെട്ട ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമാണ് പമ്പ ഡാമും. കക്കി ഡാമിന് മുകളില്‍ 10 കിലോമീറ്റര്‍ മാറിയാണ് പമ്പ ഡാം സ്ഥിതിചെയ്യുന്നത്.
 
രാവിലെ അഞ്ചിന് ആദ്യ ഷട്ടറും അര മണിക്കൂറിനു ശേഷം രണ്ടാമത്തെ ഷട്ടറും തുറക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് വിലയിരുത്തൽ.ഇടമലയാര്‍ ഡാം രാവിലെ ആറിനാവും തുറക്കുക. രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും.തൊട്ടുപിന്നാലെ ഇടുക്കി ഡാമും തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്.
 
ഇടുക്കിയും  ഇടമലയാറും ഒന്നിച്ച് തുറന്നതാണ് 2018 ല്‍ പെരിയാര്‍ തീരത്തെ വെള്ളത്തില്‍ മുക്കിയത്. ഇത്തവണ ഈ സാഹചര്യം ഒഴിവാക്കാനാണ് ഇടുക്കി തുറക്കുന്നതിനു മുമ്പ്  ഇടമലയാര്‍ തുറക്കാന്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍