മഴ തുടരുന്നു, ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11ന് തുറക്കും, ജാഗ്രതാ നിർദേശം

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (17:58 IST)
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കും. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന്  മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും.
 
അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ മേഖലയിൽ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാര്‍പ്പിക്കും.
 
നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്.ഇതിനിടെ ബുധനാഴ്‌ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അണകെട്ട് തുറക്കാൻ സർക്കാർ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍