ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 15,990 ലിറ്റര്‍ പാല്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (12:23 IST)
ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ മീനാക്ഷിപുരം, വാളയാര്‍ ചെക്ക്പോസ്റ്റുകളിലായി നടത്തിയ പരിശോധനയില്‍ നിശ്ചിത ഗുണനിലവാരമില്ലാത്ത 15,990 ലിറ്റര്‍ പാല്‍ കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയതായി ക്ഷാരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം പ്രമാണിച്ച് മീനാക്ഷിപുരം സ്ഥിരം ചെക്ക്പോസ്റ്റിനു പുറമേ വാളയാറിലും സജ്ജീകരിച്ച 24 മണിക്കൂര്‍ പ്രവര്‍ത്തിച്ച ലബോറട്ടറികള്‍ വഴിയാണ് പാല്‍ പരിശോധിച്ചത്.
 
മീനാക്ഷിപുരത്ത് 16.76 ലക്ഷം ലിറ്ററും വാളയാറില്‍ 9.06 ലക്ഷം ലിറ്ററും ഉള്‍പ്പെടെ ആകെ 25.82 ലക്ഷം ലിറ്റര്‍ പാല്‍ ആണ് രണ്ടു ചെക്ക്പോസ്റ്റുകളിലൂടെ വിപണിയിലെത്തിയത്. ഇരു ചെക്ക്പോസ്റ്റുകളിലുമായി 631 സാമ്പിളുകള്‍ പരിശോധിച്ചു. മായം കലര്‍ന്നതും ഗുണനിലവാരമുള്ളതുമായ പാല്‍ പരിശോധിക്കുന്നതിനായി കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്. സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വഴി 88 സാമ്പിളുകളുടെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയതായും അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍