കടുത്ത വരള്‍ച്ച : സംസ്ഥാനത്ത് 27 കോടിയില്‍ പരം രൂപയുടെ കൃഷിനാശം

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (07:46 IST)
സംസ്ഥാനത്ത കടുത്ത വരള്‍ച്ച തുടരുന്നു. ഇതുവരെ 27 കോടി രൂപയുടെ കൃഷിനാശമുണ്ടായി. പാൽ ഉൽപാദനത്തിലും വൻ കുറവാണ് ഉണ്ടായിട്ടുള്ളത്. നാണ്യവിളകൾ ഉൾപ്പെടെ വൻതോതിലാണ് ഉണങ്ങി നശിക്കുന്നത്. പച്ചക്കറിക്കൃഷി നാശം കൂടി കണക്കാക്കിയാൽ നാശനഷ്ടം 40 കോടിയിലേറെ ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 
 
വിവിധരോഗങ്ങളാൽ കുരുമുളകു കൃഷി പ്രതിസന്ധിയിലായിരിക്കേയാണു രൂക്ഷമായ വരൾച്ച. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കൃഷിക്കു വെള്ളം കണ്ടെത്താൻ കഴിയുന്നില്ല. പാടങ്ങൾ ഉഴുതെങ്കിലും വിഷുവിനു വിത്തിറക്കാൻ കഴിയാത്തതു വരുംദിവസങ്ങളിൽ മേഖലയിൽ കൂടുതൽ പ്രതിസന്ധിയുണ്ടാകും. വൈകി വിത്തിറക്കുന്നത് ഉൽപാദനത്തെ സാരമായി ബാധിക്കുമെന്നാണു കർഷകരുടെ ആശങ്ക. പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലായി 250 ഹെക്ടർ വാഴക്കൃഷിയും ഉണങ്ങി നശിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ 50 ഹെക്ടർ കുരുമുളക് കൃഷിയാണു നശിച്ചത്. കഴിഞ്ഞ വരൾച്ചയുടെ കെടുതിയിൽ നിന്നു കരകയറിയ തെങ്ങുകൃഷിയിൽ ഈ വർഷം മികച്ച വിളവാണുണ്ടായത്.
 
കൃഷിനാശത്തിൽ 22 കോടി രൂപയും നെൽകൃഷിമേഖലയിലാണ്. പാലക്കാടാണു കൂടുതൽ നാശം ഉണ്ടായിട്ടുള്ളത്. കതിർ പാകമാകാൻ ആവശ്യമായ വെള്ളമില്ലാതെയാണു ഭൂരിഭാഗം നാശവും. പാലക്കാട്ട് ചിറ്റൂർ ഭാഗത്ത് 120 കുഴൽക്കിണറുകളിലെ വെളളം വറ്റിയതിനാൽ അത്യാവശ്യ നന പോലും നടക്കുന്നില്ല. മൃഗസംരക്ഷണ മേഖലയിലെ നഷ്ടം കണക്കാക്കി വരുന്നേയുള്ളു. കൃഷിനാശത്തെക്കുറിച്ചു ദിനംപ്രതി റിപ്പോർട്ട് നൽകാൻ കൃഷി ഓഫിസുകൾക്കു നിർദേശം നൽകിയതായി വകുപ്പ് ഡയറക്ടർ അശോക് കുമാർ തെക്കൻ അറിയിച്ചു. മനുഷ്യസാധ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര നഷ്ടപരിഹാരം, ഇൻഷുറൻസ് എന്നിവയുൾപ്പെടെ കർഷകർക്കു വേഗത്തിൽ സഹായധനങ്ങൾ ലഭ്യമാക്കാനുള്ള നടപടികളും കൃഷി ഓഫിസുകൾ മുഖേന ആരംഭിച്ചു. 
 
മുഴുവൻ ജില്ലകളിലും വളർത്തുമൃഗങ്ങളെ വരൾച്ച ബാധിച്ചതായി വകുപ്പ് ഡയറക്ടർ പറഞ്ഞു. ആവശ്യത്തിനു വെളളം ലഭിക്കാതെ എറണാകുളം, പാലക്കാട്, കൊല്ലം, ജില്ലകളിൽ മൃഗങ്ങൾ ചത്തതായി റിപ്പോർട്ടുണ്ട്. വരൾച്ചയുടെ കാഠിന്യം കേന്ദ്ര സർക്കാരിനെ തുടർച്ചയായി അറിയിക്കുന്നുണ്ടെങ്കിലും ഇതുവരേയും സംസ്ഥാനത്തെ വരൾച്ചാ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടില്ല. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം