തദ്ദേശ തെരഞ്ഞെടുപ്പ്: നവംബർ 23, 25 തീയതികൾ നിർദേശിച്ച് സർക്കാർ സത്യവാങ്മൂലം

ബുധന്‍, 26 ഓഗസ്റ്റ് 2015 (10:55 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 23നോ 25നോ നടത്താമെന്ന് സർക്കാർ. ഇക്കാര്യമറിയിച്ചു കോടതിയിൽ സത്യവാങ്മൂലം നൽകും. ഡിസംബര്‍ ഒന്നിനു പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുന്ന വിധത്തിലുള്ള സമയക്രമീകരണമാണു സര്‍ക്കാര്‍ തയാറാക്കുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയും മന്ത്രിമാരും ചേര്‍ന്ന യോഗത്തിലാണ് വിഷയത്തില്‍ തീരുമാനമായത്.

സര്‍ക്കാരിന്റെ നിലപാടിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ക്കില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ്  ഒറ്റഘട്ടമായി നടത്താനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുംവിധമാകും തെരഞ്ഞെടുപ്പ് സമയക്രമീകരണം. നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത് ഒക്ടോബര്‍ 31നാണ്. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന ഡിസംബര്‍ ഒന്നുവരെ ഒരുമാസം തദ്ദേശസ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തും.  ഇന്നലത്തെ യു.ഡി.എഫ്‌. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

നിലപാട് കോടതിയെ അറിയിക്കുന്നതിനു മുൻപു തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിയാലോചന നടത്തും. സർക്കാർ നൽകുന്ന സത്യവാങ്മൂലത്തെ എതിർക്കില്ലെന്നു കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. നവംബർ 24നു തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണെങ്കിൽ അതിനു മുമ്പ് വാർഡ് പുനർവിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം പൂർത്തീകരിക്കേണ്ടതിനെ സംബന്ധിച്ചും വകുപ്പുകൾക്കുള്ളിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാകും അടുത്തമാസം മൂന്നിനു സർക്കാർ കോടതിയെ സമീപിക്കുക. തുടർന്നു കോടതിയു‌ടെ നിർദേശമനുസരിച്ചാകും സർക്കാർ രണ്ടാം ഘട്ടത്തിലുള്ള പ്രവർത്തനത്തിലേക്കു കടക്കുക.

വെബ്ദുനിയ വായിക്കുക