വനിതാ ശാക്തീകരണത്തിന് വിദ്യാഭ്യാസം പിന്‍ബലമേകും: ഗവര്‍ണര്‍

Webdunia
ബുധന്‍, 5 നവം‌ബര്‍ 2014 (17:41 IST)
വിദ്യാഭ്യാസമാണ് വനിതാ ശാക്തീകരണം നടപ്പാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഗവര്‍ണര്‍ പി സദാശിവം. തിരുവനന്തപുരം ഫോര്‍ട്ട് മിഷന്‍ ഗേള്‍സ് ഹൈസ്‌കൂളിന്റെ 150-മത് വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ ഒരു രാജ്യത്തിന് വളര്‍ച്ച കൈവരിക്കാന്‍ കഴിയുകയുള്ളു. ഭരണഘടന അനുശാസിക്കുന്ന ലിംഗ സമത്വവും സ്ത്രീ സമത്വവും വഴി വനിതാ ശാക്തീകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ വിദ്യാഭ്യാസമെന്ന മാര്‍ഗത്തിലൂടെ മാത്രമേ കഴിയുകയുള്ളുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിനു മാത്രമായി ഒതുങ്ങിയിരുന്ന കാലത്ത് സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ മാറ്റിവച്ചു കൊണ്ട് ഏവര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കാന്‍ കഴിഞ്ഞത് ഫോര്‍ട്ട് സ്‌കൂളിന്റെ ശില്‍പ്പികളുടെ മഹത്തായ മാനവ മൂല്യങ്ങള്‍ കൊണ്ടു തന്നെയാണ്. പഠിക്കുന്ന സ്‌കൂള്‍ ചെറുതോ വലുതോ എന്നതു നോക്കിയല്ല മറിച്ച് കഠിനാധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തുക എന്നതാകണം പഠിതാവിന്റെ മനോഭാവമെന്നും ഗവര്‍ണര്‍ പറഞ്ഞു.

റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരുന്നു. മേയര്‍ അഡ്വ കെ ചന്ദ്രിക, സിഎസ്‌ഐ ബിഷപ് ധര്‍മരാജ് റസാലം, കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായര്‍, സ്‌കൂള്‍ ഗവേണിംഗ് ബോഡി വൈസ് ചെയര്‍മാന്‍ റവ സുമോദ്, പിടിഎ പ്രസിഡന്റ് ഹസന്‍, സ്‌കൂള്‍ മാനേജര്‍ സൂസമ്മ ഏബ്രഹാം, ഹെസ്മിസ്ട്രസ് ഹെലന്‍ വൈലറ്റ് എന്നിവര്‍ പ്രസംഗിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.