അമിതവേഗതയ്ക്ക് ഒരു വര്‍ഷത്തില്‍ വാഹനത്തിന് പിഴ ഈടാക്കിയത് 89 തവണ; സംഭവം കോഴിക്കോട്

എ കെ ജെ അയ്യര്‍

വെള്ളി, 11 ഫെബ്രുവരി 2022 (14:01 IST)
കോഴിക്കോട്: ഒരു വര്‍ഷത്തില്‍ അമിതവേഗതയ്ക്ക് 89  തവണ പിഴ അടച്ച വാഹനം ഇവിടെ തന്നെയുണ്ട് - മറ്റെങ്ങുമല്ല കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി കാറിനാണ് ഇത്രയധികം തവണ പിഴ ഈടാക്കിയത്. മൊത്തം 133500 രൂപയാണ് ഇത്രയധികം തവണയായി പിഴ ഇനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത്.
 
വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോര്‍ത്ത് സോണിലെ വിവിധ ക്യാമറകളിലാണ് ഇത് മുഴുവന്‍ പതിഞ്ഞതും. അമിതവേഗത്തിനു പിഴയായി ഈടാക്കുന്നത് ഒരു തവണ 1500 രൂപയാണ്. കഴിഞ്ഞ ദിവസം ഈ വാഹനം അപകടത്തില്‍ പെട്ടപ്പോള്‍ ഇന്‍ഷ്വര്‍ ചെയ്യിക്കുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് ഇത്രയധികം തവണ പിഴ അടച്ച വാഹനമാണ് ഇത് എന്നറിയുന്നത്.
 
2022 ജനുവരി അഞ്ചാം തീയതി മാത്രം ഏഴു തവണ ഇത്തരത്തില്‍ ഈ വാഹനത്തിനു പിഴ അടിച്ചു. തുടര്‍ച്ചയായി പിഴ വിധിച്ചതോടെ പിഴ അടയ്ക്കാതിരുന്നു, അപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം ബ്‌ളാക്ക് ലിസ്റ്റില്‍ പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് കോഴിക്കോട് ആര്‍.ടി.ഓഫീസില്‍ വാഹന ഉടമ നേരിട്ടെത്തി പിഴ അടച്ചത്. ഈ വാഹനത്തിന്റെ അമിതവേഗം ഏറ്റവുമധികം ക്യാമറയില്‍ പതിഞ്ഞത് വാളയാര്‍ - തൃശൂര്‍ റോഡിലാണെന്നും അധികൃതര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍