പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാകില്ലെന്ന് ചെന്നിത്തല

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (10:11 IST)
സ്വാശ്രയവിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എം എല്‍ എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
 
അതേസമയം, സര്‍ക്കാര്‍ സമീപനം മാറ്റിയാല്‍ സമരം തീരുമെന്ന് സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ രമേശ് ചെന്നിത്തല പറഞ്ഞു. എം എല്‍ എമാരുടെ ആരോഗ്യനില മോശമാണെങ്കിലും നിലപാടിലുറച്ച് അവര്‍ സമരം തുടരുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്ല സമീപനം സ്വീകരിച്ചാല്‍ സമരം തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ഫീസ് കുറയ്ക്കാമെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനേജ്‌മെന്റ് നിലപാടില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Article