എജിയില്‍ സര്‍ക്കാരിന്‌ പൂര്‍ണ വിശ്വാസമെന്ന് ഉമ്മന്‍ചാണ്ടി

Webdunia
വ്യാഴം, 23 ജൂലൈ 2015 (17:38 IST)
സര്‍ക്കാരിന്‌ എജിയില്‍ പൂര്‍ണ വിശ്വാസമാണ്‌ ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി.മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വക്കറ്റ്‌ ജനറലിന്റെ ഓഫീസ്‌ കാര്യക്ഷമതയോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്. ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌തഗി സുപ്രീം കോടതിയില്‍ ഹാജരായത് ശരിയല്ല, കേരളത്തിലെ ജനങ്ങളുടെ വികാരമാണ്‌ താന്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്‌. അതിനാലാണ്‌ എജി ഹാജരായതിലുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസമന്ത്രി പികെ അബ്‌ദുറബിനെ മന്ത്രിസഭയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്‌ടെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണ്‌. ജൂലൈ 20ന്‌ മുന്‍പ്‌ പാഠപുസ്‌തകങ്ങള്‍ വിതരണം ചെയ്യുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പു നല്‌കിയിരുന്നതാണ്‌. ഇനിയും പുസ്‌തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിയിട്ടില്ലെങ്കില്‍ അതിനു ഉത്തരവാദികള്‍ സ്‌കൂള്‍ അധികൃതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കേസ്‌  എന്താണന്ന്‌ അറിയാത്തവരാണ്‌ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതെന്നും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായമാണ്‌ ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.