സോളാറില്‍ ഉമ്മന്‍ചാണ്ടിയുടെ ‘ഉപകാരസ്‌മരണ’; സരിതയുടെ ലീലാവിലാസങ്ങളുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനുമുമ്പു സമര്‍പ്പിക്കാത്തതിന് പ്രത്യുപകാരമായി ജസ്‌റ്റിസ് ജി ശിവരാജനു പുതിയ നിയമനം, വിവാദം വഴിതിരിച്ചു വിടാന്‍ സര്‍ക്കാര്‍ നീക്കം
നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് സോളാര്‍ തട്ടിപ്പ് കേസിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നല്‍കാതെ മാറ്റിവച്ചതിനുള്ള പ്രത്യുപകാരമായി അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി ശിവരാജനെ അതീവരഹസ്യമായി സംസ്‌ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മിഷന്‍ പറഞ്ഞിരുന്നുവെങ്കിലും അപ്രതീക്ഷിതമായി മലക്കം മറിയുകയായിരുന്നു. ഇതിനുള്ള ഉപകാരസ്‌മരണയായിട്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഴിവിട്ട നിയമനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലായിരുന്നു രഹസ്യനിയമനം നല്‍കി ശിവരാജനെ താല്‍ക്കാലികമായി ഒതുക്കാനുള്ള ചരടുവലികള്‍ മുഖ്യമന്ത്രി നടത്തിയത്. നിയമനം തിരിച്ചടിയും വിവാദവും ഉണ്ടാക്കുമെന്ന് യോഗത്തില്‍ ഒരു വിഭാഗം മന്ത്രിമാര്‍ വാദിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിന് എല്ലാവരും കീഴടങ്ങുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നപ്പോള്‍ തന്നെ നിയമനത്തിനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കനത്ത ശമ്പളത്തിലുള്ള പുതിയ തസ്‌തിക നല്‍കി സോളാര്‍ വിവാദം വഴിതിരിച്ചു വിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ശിവരാജന്റെ നിയമനത്തിനായി സര്‍ക്കാരിന്റെ മീഡിയേറ്ററായി പ്രവര്‍ത്തിച്ചതും ഇടപാടുകള്‍ നടത്തിയതും അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ്. എല്ലാത്തിനും പിന്നില്‍ നിന്ന് ചരട് വലിച്ചത് മുഖ്യമന്ത്രിയാണെന്നുമാണ് അണിയറയില്‍ നിന്ന് കേള്‍ക്കുന്നത്. അതേസമയം, സോളാര്‍ തട്ടിപ്പ് കേസിന്റെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് അനുകൂലമായി തീരുമെന്നാണ് അറിയുന്നത്. നിയമനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ പുതിയവിവാദങ്ങള്‍ക്കാകും തുടക്കമാകുക.