മുഖ്യമന്ത്രി ഇന്നെത്തും, ജോര്‍ജിന്റെ കാര്യത്തില്‍ നടപടി ഉടന്‍

Webdunia
വ്യാഴം, 2 ഏപ്രില്‍ 2015 (08:15 IST)
വിദേശ പര്യടനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു തിരിച്ചെത്തും. അതേസമയം പി സി ജോര്‍ജിനെ ചീഫ് വിപ്പ് പദത്തില്‍നിന്നു നീക്കണമെന്ന കേരള കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട  കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ മാണിയുമായും ജോര്‍ജുമായും ഒരു വട്ടം കൂടി സംസാരിച്ചിട്ടേ മുഖ്യമന്ത്രി തീരുമാനമെടുക്കൂ എന്ന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ തെല്ലും അയവില്ലെന്ന കര്‍ശനമായ നിലപാടിലാണ് മാണി. ഈസ്റ്ററിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനിടയുള്ളൂ എന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുമ്പോള്‍ അതിനപ്പുറത്തേക്ക് വിഷയം നീടീക്കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നാണ് മാണിയുടെ നിലപാട്. ഈസ്റ്ററിനുശേഷം മതി തീരുമാനം എന്നു ധാരണയായിട്ടുണ്ടെന്ന വാര്‍ത്തകള്‍ പക്ഷേ കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നിഷേധിക്കുന്നു.

മാണിയുടെ ആവശ്യം അംഗീകരിക്കുന്നതോടൊപ്പം ജോര്‍ജ് യുഡിഎഫിന്റെ ഭാഗമായുണ്ടാകണം എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തുടര്‍ന്നും എംഎല്‍എ എന്ന നിലയില്‍ ജോര്‍ജ് യുഡിഎഫിന്റെ ഭാഗമായി ഉണ്ടാകണം. രാജ്യസഭാ തിരഞ്ഞെടുപ്പ് അടക്കം മുന്നിലുള്ളപ്പോള്‍ അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു പുറത്താക്കുന്നതു മറ്റു പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കരുത് എന്നും കൊണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടൂണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.