ആരു നയിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും, ലീഗ് ഒരിടത്തും പോകില്ല, ജോര്‍ജ് പോയാല്‍ ഒന്നും സംഭവിക്കാനില്ല: മുഖ്യമന്ത്രി

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2015 (11:01 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ആരു നയിക്കുമെന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുന്ന സാഹചര്യത്തില്‍ നയം വ്യക്തമാക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കോണ്‍ഗ്രസില്‍ നേതൃത്വ ചര്‍ച്ച ഇതുവരെ പ്രശ്നമായിട്ടില്ലെന്നും  മുന്നണിയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദമുണ്ടാക്കി പാര്‍ട്ടിയിലെ നല്ല അന്തരീക്ഷം തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്. സ്ഥാനമോഹിയല്ലാത്ത വ്യക്തിയായ താന്‍ ആര്‍ക്കും തടസമായി നില്‍ക്കില്ല. ആരു നയിക്കണമെന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. വ്യവസ്ഥാപിതമായ ഒരു സംവിധാനം ഇതിനു പാര്‍ട്ടിയിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും ഹൈക്കമാന്‍ഡും ചേര്‍ന്നാണു പ്രശ്നം പരിഹരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഘടക കക്ഷികളെ പൂർണമായി തൃപ്തിപ്പെടുത്താനാവില്ല. ലീഗ് ഒരിടത്തും പോകില്ല. പിസി ജോർജ് മുന്നണിയിൽ നിന്ന് പോയതിന്‍റെ നഷ്ടം അദ്ദേഹത്തിന് തന്നെയാണ്. അല്ലാതെ യു ഡി എഫിന് അത് ഒരു തിരിച്ചടിയല്ല. ബീഫ് ഫെസ്റ്റിനോടു തനിക്കു യോജിപ്പില്ല. ബീഫ് കഴിക്കുന്നവരെ കേരളത്തില്‍ ആരും എതിര്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നേതാവിനൊപ്പം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.