സുധീരനെ നിശബ്ദനാക്കാൻ ഉമ്മന്‍‌ചാണ്ടി ഐ ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു; ബാറില്‍ കുടുങ്ങിയ ബാബുവിനെ ഒതുക്കാന്‍ കെപിസിസി പ്രസിഡന്റ്- കോണ്‍ഗ്രസ് പാളയത്തില്‍ പോര് രൂക്ഷം

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2016 (23:27 IST)
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് പാളയത്തില്‍ പോര് രൂക്ഷം. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടി കടക്കവെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ നിശബ്ദനാക്കാനാണ് എ- ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നതാണ് പ്രത്യേകത. അണിയറയിലെ നീക്കങ്ങള്‍ക്ക് പിന്തുണയുമായി ഐ ഗ്രൂപ്പിന്റെ തലവനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയും കളത്തിലിറങ്ങിയതോടെ കോണ്‍ഗ്രസില്‍ വടംവലി രൂക്ഷമായി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിഴുങ്ങിയ ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ കോണ്‍ഗ്രസിലെ ഏക മന്ത്രിയായ എക്‍സൈസ് മന്ത്രിക്ക് വേണ്ടിയാണ് എ- ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച ബാബുവിനെ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സുധീരന്റെ പദ്ധതി. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പലതും തെളിയിക്കേണ്ട വേദി കൂടിയാണെന്നാണ് സുധീരന്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതിനും ബിജെപിയുടെ വളര്‍ച്ച ഇല്ലായ്‌മ ചെയ്യുന്നതിനും വേണ്ടിയുള്ളതാണ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പെന്നാണ് സുധീരന്‍ വ്യക്തമാക്കുന്നത്.

ദേശിയതലത്തില്‍ പോലും കോണ്‍ഗ്രസ് തിരിച്ചടികള്‍ നേരിടുബോള്‍ ബാബുവിനെപ്പോലെ അഴിമതിക്കറ പുരുണ്ട വ്യക്തി മത്സരിക്കുന്നത് തിരിച്ചടി തന്നെയാണെന്നാണ് സുധീരന്‍ വിശ്വസിക്കുന്നത്. ബാബുവിനെ ബാര്‍ മുതലാളിമാരുടെ വക്താവായി പോലും കെപിസിസി പ്രസിഡന്റ് ഉപമിച്ചിരുന്നു. സുധീരന്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പോലും ബാബു പങ്കെടുത്തിരുന്നില്ല.  അത്തരത്തില്‍ രൂക്ഷമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത. തെരഞ്ഞെടുപ്പിന് ആദ്യഘട്ടമായി ജില്ലാതല ഉപസമിതികള്‍ തയാറാക്കി എഐസിസിക്ക് നല്‍കിയ പട്ടികയില്‍ ആരോപണ വിധേയനായ ബാബുവിന്റെ പേര് ഉണ്ടായിരുന്നു.

എന്നാല്‍ അന്തിമമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്ക്‌ശേഷം നല്‍കുന്ന പട്ടികയില്‍ നിന്നും ബാബുവിനെ വെട്ടിമാറ്റാനാണ് സുധീരന്റെ നീക്കം. എങ്ങനെയെങ്കിലും ബാബുവിനെ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സുധീരം പദ്ധതികള്‍ ആസൂത്രണം ചെയ്യുബോള്‍ ഈ നീക്കങ്ങള്‍ മനസിലാക്കിയ ഉമ്മന്‍ചാണ്ടി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ സംരക്ഷിക്കാന്‍ കളത്തിലിറങ്ങിയിരിക്കുകയാണ്. ബാബുവിനെ നിര്‍ണായകമായ ഈ സമയത്ത് കൈവിടുകയെന്നത് മുഖ്യമന്ത്രിക്ക് ഓര്‍ക്കാന്‍ പോലും സാധിക്കില്ല. എ ഗ്രൂപ്പിന്റെ അടിക്കളികള്‍ എല്ലാന്‍ അറിയാവുന്ന ബാബുവിനെ തള്ളാന്‍ ഗ്രൂപ്പിനും സാധിക്കില്ല. തൃപ്പുണിത്തുറയില്‍ തന്നെ ബാബു മത്സരിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചാലും ക്ലീന്‍ ഇമേജുള്ള സുധീരന്‍ എതിര്‍പ്പുമായി ശക്തമായി നിന്നാല്‍ ഒറ്റയ്‌ക്ക് നേരിടാന്‍ സാധിക്കില്ല എന്ന തോന്നലാണ് അദ്ദേഹത്തെ ഐ ഗ്രൂപ്പുമായി കൈകോര്‍ക്കാന്‍ പ്രേരിപ്പിച്ചത്.

അന്തിമപട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ഥിത്വത്തിന് വേണ്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കുക കൂടി ചെയ്‌തതോടെ സമ്മര്‍ദ്ദത്തിലായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ ഒപ്പം ചേര്‍ന്ന് സുധീരനെതിരെ പോരടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സുധീരന്റെ നീക്കത്തെ ഒറ്റക്കെട്ടായി നേരിടാനാണ് രണ്ടുഗ്രൂപ്പുകളും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സുധീരനെ ഒതുക്കുകയെന്ന തന്ത്രമാണ് അണിയറയില്‍ നടക്കുന്നത്.