ഉമ്മന്‍ചാണ്ടിക്ക് രാഷ്‌ട്രീയകാര്യ സമിതിയില്‍ രൂക്ഷ വിമര്‍ശനം; ഒരാള്‍ക്ക് വേണ്ടി യോഗം വൈകിപ്പിച്ചത് ശരിയായില്ലെന്ന് പിസി ചാക്കോ, പറയാനുള്ളതെല്ലാം പറയാന്‍ ഡല്‍ഹിക്ക് പോകുമെന്ന് ഉമ്മന്‍ചാണ്ടി
ശനി, 14 ജനുവരി 2017 (16:43 IST)
ഡിസിസി പുനഃസംഘടനയില്‍ അതൃപ്‌തി രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് വിട്ടുനിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പിസി ചാക്കോ.
ഒരാളുടെ സൗകര്യം മാത്രം നോക്കി യോഗം മാറ്റിവെക്കരുതെന്നാണ് പിസി ചാക്കോ ആവശ്യപ്പെട്ടത്. അതേസമയം, ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി എംഎം ഹസന്‍ രംഗത്ത് എത്തുകയും ചെയ്‌തു.
താന്‍ എത്തിയില്ലെങ്കിലും യോഗം നടക്കട്ടെ എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നാണ് ഹസന്‍ യോഗത്തില്‍ പറഞ്ഞത്.
മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്ന് കെ മുരളീധരനും യോഗത്തില്‍ വ്യക്തമാക്കിയപ്പോള്‍ എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി വേണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെടുകയും ചെയ്‌തു.
ശീതസമരം നില നില്‍ക്കുന്നതിനിടെ ഹൈക്കമാന്‍ഡിനെ കാണാന്‍ 15ന് ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക് പോകും. പാര്‍ട്ടി തെരഞ്ഞെടുപ്പ് വേണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും പറയാനുള്ളതെല്ലാം നേതൃത്വത്തെ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.