ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി തട്ടിപ്പ്; ഉപഭോക്താക്കള്‍ക്ക് നഷ്ടമായത് പത്തു ലക്ഷത്തിലേറെ രൂപ !

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (13:28 IST)
ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പ് വ്യാപകമാണെന്ന് പരാതി. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന പരസ്യങ്ങള്‍ നല്‍കിയ ശേഷം ഉപഭോക്താക്കളില്‍നിന്ന് അഡ്വാന്‍സായി പണം വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ രീതിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ പത്തു ലക്ഷം രൂപയോളം തട്ടിയെടുത്ത മൂന്ന് പേരെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
 
കഴിഞ്ഞ ഏഴു മാസക്കാലമായി ഇവര്‍ ഒഎല്‍എക്‌സിലൂടെ പരസ്യം നല്‍കുന്നുണ്ടെന്നും ബൈക്കുകളുടെ പരസ്യം നല്‍കിയ ശേഷമാണ് ഇവര്‍ തട്ടിപ്പു നടത്തി വരുന്നതെന്നും പൊലീസ് അറിയിച്ചു. മികച്ച ബൈക്കുകളുടെ ചിത്രങ്ങളാണ് ഇവര്‍ ഒഎല്‍എക്‌സില്‍ പരസ്യമായി നല്‍കുക. മാര്‍ക്കറ്റ് വിലയില്‍നിന്ന് വളരെ താഴ്ന്നായിരിക്കും ബൈക്കുകളുടെ വില. 
 
വാഹനം ആവശ്യമുള്ളവര്‍ ഇവരുമായി ബന്ധപ്പെട്ടാല്‍ വാഹനം ഉടനെ വിറ്റുപോകുമെന്നും ആവശ്യമുണ്ടെങ്കില്‍ ബാങ്കിലേക്ക് അഡ്വാന്‍സായി പണമിടണമെന്നും ഇവര്‍ ആവശ്യപ്പെടും. കൊണ്ടോട്ടി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാടുനിന്നും തട്ടിപ്പ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപഭോക്താവാണെന്ന വ്യാജേന ബന്ധപ്പെട്ടായിരുന്നു പൊലീസ് ഇവരെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍