മമ്മൂട്ടിയെ വിശ്വസിച്ചവർക്ക് സംഭവിച്ചത്? തട്ടിപ്പ് കേസിൽ മമ്മൂട്ടിയെ പ്രതിയാക്കണം; പരാതി സ്വീകരിച്ച് മനുഷ്യാവകാശ കമ്മിഷൻ

ശനി, 31 ഡിസം‌ബര്‍ 2016 (10:22 IST)
കോടികൾ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ ഒന്നാകെ കബലിപ്പിച്ച അവതാർ തട്ടിപ്പ് കേസിൽ നടൻ മമ്മൂട്ടിയെ പ്രതിചേർക്കണമെന്ന് ആവശ്യം. അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു മമ്മൂട്ടി. കേസിൽ മമ്മൂട്ടിയേയും പ്രതിചേർക്കണമെന്ന ആവശ്യം നിക്ഷേപകരാണ് ഉന്നയിച്ചത്. നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മിഷൻ സ്വീകരിച്ചു.
 
150 കോടിയുടെ നിക്ഷേപത്തട്ടിപ്പാണ് അവതാര്‍ ഗോള്‍ഡ് നടത്തിയതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അവതാര്‍ ഗോള്‍ഡിന്റെ മൂന്ന് ഉടമകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയ മമ്മൂട്ടിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നിക്ഷേപകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഇവർ മമ്മൂട്ടിയെക്കെതിരെ പരാതി നൽകിയത്. അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ കടുത്ത അതൃപ്തിയാണ് മനുഷ്യാവകാശ കമ്മീഷന്‍ രേഖപ്പെടുത്തിയത്.
 
നിക്ഷേപ സമാഹരണത്തിന്റെ സമയത്തേ ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിയാണെന്ന് ഉടമകള്‍ തങ്ങളോട് പറഞ്ഞിരുന്നതായി സമരസമിതി കണ്‍വീനര്‍ അബൂബക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘മമ്മൂട്ടിയിലുള്ള വിശ്വാസംകൊണ്ടാണ് പലരും രണ്ടാമതൊന്നാലോചിക്കാതെ അന്ന് നിക്ഷേപം നടത്തിയത്. ഇത്രയധികം നിക്ഷേപകരും പണവും എത്തിയതും മമ്മൂട്ടി എന്ന സാന്നിധ്യം ഉള്ളതിനാലാണ്’. അതിനാലാണ് വിഷയം കേസ് ആയപ്പോൾ മമ്മൂട്ടിയ്ക്കെതിരേയും നിയമനടപടി സ്വീകരിക്കാൻ തങ്ങൾ തയ്യാറായതെന്ന് നിക്ഷേപകർ വ്യക്തമാക്കുന്നു. ഇത് വ്യക്തമാക്കിയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതും.
 
450 പേരോളം ചേര്‍ന്ന് 150 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഉടമകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പണം വൈകാതെ തിരിച്ചുതരാമെന്നൊക്കെയാണ് പറഞ്ഞത്. പക്ഷേ അതുണ്ടായില്ല. പെരുമ്പാവൂര്‍ ഫവാസ് ജ്വല്ലറി ഉടമ സലിം നല്‍കിയ പരാതി പ്രകാരം രണ്ട് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജ്വല്ലറി ഏറ്റെടുത്ത് നടത്താന്‍ കരാര്‍ ഒപ്പിട്ട് സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയെന്നായിരുന്നു കേസ്. 

വെബ്ദുനിയ വായിക്കുക