ഹ്രസ്വചലച്ചിത്രകാരന്‍ ഒഡേസ സത്യന്‍ അന്തരിച്ചു

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (08:18 IST)
പ്രശസ്‌ത ഹ്രസ്വചലച്ചിത്രകാരന്‍ ഒഡേസ സത്യന്‍ (58) അന്തരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടകര നാരായണ നഗറിലെ വീട്ടുവളപ്പില്‍ നടക്കും.

ജോണ്‍ എബ്രഹാമിന്റെ അടുത്ത സഹയാത്രികനായിരുന്നു. ജനകീയ സിനിമാപ്രസ്ഥാനമായ ഒഡേസയിലൂടെയാണ് സത്യന്‍ ചലചിത്രരംഗത്തെത്തിയത്. ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് അദ്ദേഹം സിനിമ ചെയ്തിരുന്നത്. ജനകീയ പിന്തുണയോടെ ഒഡേസയുടെ ബാനറില്‍ നിരവധി ഡോക്യുമെന്ററികള്‍ സത്യന്‍ നിര്‍മിച്ചിട്ടുണ്ട്. വിശുദ്ധ പശു എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണത്തിനിടെയാണു സത്യന്‍ അസുഖബാധിതനായത്.

പഴയകാല നക്സലൈറ്റ് പ്രവര്‍ത്തകനായിരുന്ന സത്യന്‍ 'യാതഭാഗം, നക്സല്‍ വര്‍ഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രന്‍ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്,  രക്തസാക്ഷിത്വം വരിച്ച നക്സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ എന്നീ ഡോക്യുമെന്ററികളും,കവി എ. അയ്യപ്പന്റെ ജീവിതത്തെക്കുറിച്ച് ഇത്രയും , വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോര്‍ച്ചറി ഒാഫ് ലൌ,  സത്യന്‍ ജനകീയമായി നിര്‍മിച്ചവയായിരുന്നു

ജോണ്‍ എബ്രഹാം സ്‌ഥാപിച്ച സമാന്തര സനിമാ കൂട്ടായ്‌മയായ ഒഡേസാ ട്രസ്‌റ്റിന്റെ കണ്‍വീനറായിരുന്നു.