സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭത്തിനില്ല, ജനപിന്തുണ കുറയും; യൂ ടേണ്‍ അടിച്ച് എന്‍എസ്എസ്

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2023 (11:24 IST)
ഗണപതി മിത്ത് വിവാദത്തില്‍ യൂ ടേണ്‍ അടിച്ച് എന്‍എസ്എസ്. സര്‍ക്കാരിനെതിരെ നിയമപരമായ നടപടികളിലൂടെ മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് എന്‍എസ്എസ് നിലപാട്. സര്‍ക്കാരിനെതിരായ പരസ്യ പ്രക്ഷോഭങ്ങള്‍ വേണ്ട എന്നാണ് എന്‍എസ്എസ് നിലപാട്. എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് പരസ്യ സമരം വേണ്ട എന്ന നിലപാടിലേക്ക് എത്തിയത്. 
 
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിലപാടാണ് പരസ്യ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്‍വലിയാന്‍ എന്‍എസ്എസിനെ നിര്‍ബന്ധിതരാക്കിയത്. ഇടതുപക്ഷ സര്‍ക്കാരിനെതിരായ പ്രക്ഷോഭം സമുദായത്തിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടത്. ഇടതുപക്ഷത്തോടൊപ്പം തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗണേഷ് ഉറച്ച നിലപാടെടുത്തു. മിത്ത് വിവാദത്തെ സാധാരണക്കാരായ ജനങ്ങള്‍ ബിജെപിക്ക് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള അവസരമായാണ് കാണുന്നത്. അതില്‍ നിന്ന് എന്‍എസ്എസ് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന് ബോര്‍ഡ് യോഗത്തില്‍ ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 
 
എന്‍എസ്എസ് വര്‍ഗീയതയ്‌ക്കൊപ്പം നില്‍ക്കുന്ന എന്ന പൊതുചിന്ത സാധാരണക്കാരില്‍ രൂപപ്പെടാന്‍ പരസ്യ പ്രക്ഷോഭങ്ങള്‍ കാരണമാകും. മിത്ത് വിവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ച സാഹചര്യത്തില്‍ എന്‍എസ്എസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ അത് സ്ഥിതി വഷളാക്കും. വര്‍ഗീയ ചേരിതിരിവിലേക്ക് കാര്യങ്ങള്‍ പോകുന്ന സാഹചര്യമുണ്ടാകരുത്. ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്തും വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍മ വേണം. ഇത്തരം വിഷയങ്ങളെ വൈകാരികമായി കൈകാര്യം ചെയ്യുന്നതിനേക്കാള്‍ വിവേകപൂര്‍വ്വം സമീപിക്കുന്നതാണ് നല്ലതെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തി. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article