ഹൈന്ദവ ഐക്യത്തിനു വേണ്ടി ഇറങ്ങിയിരിക്കുന്നവര്‍ക്ക് മറച്ചുവയ്ക്കാന്‍ പലതുമുണ്ടെന്ന് എന്‍‌എസ്‌എസ്

വെള്ളി, 23 ഒക്‌ടോബര്‍ 2015 (17:07 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്. ഹൈന്ദവ ഐക്യത്തിനു വേണ്ടി ഇപ്പോള്‍ ചിലര്‍ സംഘടനയുണ്ടാക്കുന്നത് പല കള്ളക്കഥകളും മറച്ചുവെക്കാനാണെന്നും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നുമാണ് സുകുമാരന്‍ നായരുടെ ആരോപണം.

കള്ളങ്ങൾ ഒളിപ്പിച്ചുവയ്ക്കാൻ ചിലർ ഹൈന്ദവരുടെ പേര് ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഹൈന്ദവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ പറഞ്ഞവർ ആരും ശ്രമിച്ചിട്ടില്ല. എൻഎസ്എസ് മതേതര സംഘടനയാണെന്നും വിശാല ഹിന്ദു ഹൈക്യത്തിൽ ഭാഗമാകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു ഐക്യം ഉണ്ടെങ്കിലേ ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സാധിക്കു എന്നില്ല. ഇപ്പോള്‍ ചിലര്‍ അതിന് വേണ്ടി നടക്കുന്നതിന്റെ പിന്നിലെ കളി എന്താണന്ന് മനസിലായത് കൊണ്ടാണ് എന്‍എസ്എസ് അതില്‍ പങ്കെടുക്കാത്തത്. വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയായെ പറ്റൂ എന്ന അഭിപ്രായം എന്‍എസ്എസിനില്ല. എന്‍എസ്എസിന്റെ അടിസ്ഥാന തത്വങ്ങള്‍ അതിനനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാലവും ഹൈന്ദവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എൻഎസ്എസ് മുൻപന്തിയിൽ ഉണ്ടായിരുന്നു. ഈ ചുമതല മറ്റാരേക്കാളും നന്നായി ചെയ്യുന്നത് എൻഎസ്എസ് ആണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഹിന്ദു ഐക്യത്തിന് എന്‍എസ്എസ് എതിരാണന്നാണ് ആരോപണം. ഹൈന്ദവന്റെ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. ഇതൊക്കെ വളരെ മോഹന സുന്ദരമായി പറയാന്‍ മാത്രമെ പറ്റുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മതേതരമായ എന്‍എസ്എസ് ഒരു ഹിന്ദു വകഭേദമാണ്. രാഷ്ട്രീയ സമ്മർദത്തിനായി പാർട്ടി രൂപീകരിക്കുന്നതിനോ ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകുന്നതിനോ എൻഎസ്എസ് ഒരിക്കലും തയാറല്ല. എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും എന്നാൽ രാഷ്ട്രീയ നിലപാടുകളും രാഷ്ട്രീയ നയങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലും കൃത്യമായ സമദൂര നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്‍എസ്എസിലുണ്ട്. അവര്‍ക്കാര്‍ക്കും മത്സരിക്കുന്നതിന് വിലക്കില്ല. എന്നാല്‍ എന്‍എസ്എസ് എന്ന ലേബല്‍ ഉപയോഗിക്കാന്‍ പാടില്ല- അദ്ദേഹം വ്യക്തമാക്കി. എന്‍എസ്എസിന് രാഷ്ട്രീയമില്ല. പക്ഷ രാഷ്ട്രീയ നിലപാടുകളുണ്ട്. വിവിധ സര്‍ക്കാരുകളെക്കൊണ്ട് നിലപാടുകള്‍ അംഗീകരിപ്പിക്കാന്‍ എന്‍എസ്എസിന് സാധിച്ചിട്ടുണ്ട്.

സംവരണ പ്രശ്‌നത്തില്‍ മാത്രമെ ഇതുവരെ പരിഹാരമുണ്ടാതിരുന്നിട്ടുള്ളു. സംവരണ സംവരണേതര സമുദായങ്ങളിലെ പാവങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഇന്നത്തെ വികലമായ സംവരണ നയം പൊളിച്ചെഴുതിയേ പറ്റൂ എന്നാണ് എന്‍എസ്എസ് നിലപാടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക