ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്‌ത്രീകൾക്കു ചുരിദാർ ധരിച്ചു കയറാമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ. ഹൈക്കോടതി നിർദേശം അനുസരിച്ചാണ് തീരുമാനമെന്നും എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെ ക്ഷേത്ര ഭരണ സമിതി അറിയിച്ചു.
ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്നായിരുന്നു നേരത്തെ ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. പുതിയ തീരുമാനം ഭരണസമിതിയുടെയും വിവിധ ഭക്ത സംഘടനകളുടെയും നിലപാടിനു വിരുദ്ധമാണ്. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലെന്നും അതുകൊണ്ടുതന്നെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നത് അനാവശ്യമാണെന്നും വിവിധ ഭക്തസംഘടനകള്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുളള ഉത്തരവ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ നാളെ പുറത്തിറക്കുമെന്നാണ് അറിയുന്നത്.
തിരുവനന്തപുരം സ്വദേശിനി അഡ്വ റിയ രാജിയാണ് ഹൈക്കോടതിയിക് ഹര്‍ജി നല്‍കിയത്. മാന്യമായ വേഷം ധരിക്കണമെന്നു മാത്രമേ ആചാരങ്ങളിൽ പറയുന്നുള്ളൂ. ഇന്ന വേഷം തന്നെ ധരിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ പരാതി ക്ഷേത്രഭരണസമിതി തള്ളിയതിനെത്തുർന്നാണ് കോടതിയെ സമീപിച്ചതെന്നും റിയ വ്യക്തമാക്കി.
കോടതി ഇടപെടലിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാർ ധരിച്ച് പ്രവേശിക്കാൻ നേരത്തെ അനുവദിച്ചിരുന്നു.