മുകേഷ് അംബാനിയുടെ ഭാര്യ നീതയ്ക്കും ഇസഡ് കാറ്റഗറി സുരക്ഷ; നിത ഇനി ആയുധധാരികളായ പത്തോളം സിആര്‍പിഎഫ് കമാന്‍ഡോകള്‍ ചേര്‍ന്നൊരുക്കുന്ന സുരക്ഷാവലയത്തില്‍

Webdunia
ചൊവ്വ, 26 ജൂലൈ 2016 (12:48 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ. ഇതുവരെ ‘വൈ’ കാറ്റഗറി സുരക്ഷയായിരുന്നു നിതയ്ക്ക് നല്കി വന്നിരുന്നത്. നിത അംബാനിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാസേനകളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് അവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
 
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ‘ഇസഡ്’ കാറ്റഗറി സുരക്ഷ അനുവദിച്ചിരിക്കുന്നത്. ഇനിമുതല്‍ പത്തോളം സി ആര്‍ പി എഫ് കമാന്‍ഡോകള്‍ ചേര്‍ന്നൊരുക്കുന്ന സുരക്ഷാവലയത്തിലായിരിക്കും നിത അംബാനി. ഒരു എസ്കോര്‍ട്ട് വാഹനവും ഇവരുടെ സുരക്ഷയ്ക്കായി സി ആര്‍ പി എഫ് രംഗത്തിറക്കും.
 
മുകേഷ് അംബാനിക്ക് നിലവില്‍ ഇസഡ് കാറ്റഗറി സുരക്ഷ ഉണ്ടെന്നിരിക്കേ നിതയ്ക്ക് കൂടി സുരക്ഷ ഏര്‍പ്പെടുത്താന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് സി ആര്‍ പി എഫ്. സുരക്ഷയൊരുക്കാന്‍ വേണ്ട കമാന്‍ഡോകളും മറ്റു സൌകര്യങ്ങളും സി ആര്‍ പി എഫ് വിട്ടു കൊടുക്കുമെങ്കിലും ഇതിന്റെ ചിലവ് നിത തന്നെ വഹിക്കണം.
Next Article