ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് പിണറായി വിജയന്‍

ശനി, 4 ഫെബ്രുവരി 2017 (14:38 IST)
ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി രാമസ്വാമിയുടെ കാലത്ത് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണം നടത്താന്‍ സാധ്യമല്ലെന്ന് ആയിരുന്നു പിണറായി വിജയന്‍ വ്യക്തമാക്കിയത്.
 
ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന ഭൂമി തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
 
മുന്‍ സര്‍ക്കാരിന്റെ കാലത്തോ ഈ സര്‍ക്കാരിന്റെ കാലത്തോ അല്ല ഭൂമി കൈമാറിയത്. ഏതോ കാലത്ത് നടത്തിയ ഭൂമി കൈമാറ്റത്തെപ്പറ്റി അന്വേഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിലരുടെ ആവശ്യമാണ് ഭൂമി നല്കിയതിനെപ്പറ്റി പരിശോധിക്കണം എന്നത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ, അക്കാദമി ഭൂമി ഏറ്റെടുക്കുകയോ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക