നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനേയും കാവ്യ മാധവനേയും പ്രതികളാക്കണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നത് മറച്ചുവെക്കാനും കഴിയില്ല. കിട്ടിയ അവസരം ഇരുവരുടെയും ശത്രുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കാവ്യ മാധവന്റെ മൊഴിയെടുത്തിരുന്നു. കാവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.
തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളുടെ ഉറവിടം സിനിമ തന്നെയാണെന്നും തന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് ഇതിന്റെയെല്ലാം പിന്നിലെന്നും ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് സഹതടവുകാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കാവ്യക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നുമാണ് പൊലീസ് തീരുമാനം.
നടിക്കെതിരെ നടന്ന ഗൂഢാലോചയെ കുറിച്ച് കാവ്യ മാധവന് അറിവുണ്ടായിരുന്നുവെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കാവ്യയ്ക്ക് സുനിയുമായി ബന്ധമുണ്ടോയെന്നും പൊലീസിന് അറിയേണ്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍, കാവ്യ സുനിക്കൊപ്പം ഒരേകാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഡ്രൈവറായിരുന്നു സുനിയെന്നും കാവ്യ അഭിനയിച്ച സിനിമ ലൊക്കേഷനില്‍ സുനി എത്തിയെന്നതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു..
ഇത്രയും വലിയ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇപ്പോള്‍ തെളിവില്ലെന്ന് പൊലീസ് പറയുന്നതെന്തുകൊണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ദിലീപിനെ രക്ഷിക്കാന്‍ സിനിമയിലെ പ്രമുഖര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദിലീപിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല, കാവ്യയെ എങ്കിലും രക്ഷിക്കാമെന്ന ചിന്ത സിനിമയിലെ ചില പ്രമുഖര്‍ക്ക് ഉണ്ടായെന്നും ഇവര്‍ കേസുമായി ബന്ധപ്പെട്ടവരെ കണ്ടുവെന്നും പലയിടങ്ങളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കാവ്യയ്ക്ക് സുനിയെ പരിചയമുണ്ടെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് പറയാന്‍ കഴിയില്ല. ലക്ഷ്യയില്‍ സുനി വന്നെങ്കിലും കാവ്യയെ നേരിട്ട് കണ്ടതിന് തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. മാനുഷിക പരിഗണന കൂടെ കണക്കിലെടുത്ത് കാവ്യയ്‌ക്കെതിരെ അറസ്റ്റുണ്ടാവില്ലത്രെ.