പിണറായിയെ പോലെയുള്ളവരെ നേരിടാന്‍ ചങ്കുറപ്പുള്ള നേതൃത്വം വേണം; തെരഞ്ഞെടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനം ഇല്ലായിരുന്നു, ഗ്രൂപ്പ് പോരല്ല തോല്‍വിക്ക് കാരണം - സുധാകരന്‍
നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ടീം വര്‍ക്ക് ഇല്ലായിരുന്നുവെന്ന് കെ സുധാകരന്‍. കെപിസിസിയില്‍ അഴിച്ചുപണി നടത്തണോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. മുഖ്യമന്ത്രി പിണറായി വിജയനെ പോലെയുള്ളവരെ നേരിടാന്‍ ചങ്കുറപ്പുള്ള നേതൃത്വം വേണം. തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ നേതൃത്വം പരാജയമായിരുന്നുവെന്നും അദ്ദേഹം ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
തനിക്ക് പറയാനുള്ളവ ഹൈക്കമാന്‍ഡിനോട് വ്യക്തമാക്കിയിട്ടുണ്ട്. അഴിച്ചുപണി ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. പലയിടത്തും പാര്‍ട്ടിയുടെ പിന്തുണയും ജയസാധ്യതയും ഇല്ലാത്തവര്‍ മത്സര രംഗത്തുണ്ടായിരുന്നു. ഗ്രൂപ്പ് തര്‍ക്കമല്ല ഇത്രയും വലിയ തോല്‍വിക്ക് കാരണമായതെന്നും സുധാകരന്‍ വ്യക്തമാക്കി.
അതേസമയം, പാർട്ടി നേതൃത്വമാറ്റത്തെ കുറിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും അതിനിടവരുത്തിയ സാഹചര്യങ്ങൾ എന്നിവയിൽ കെ പി സി സിയുടെ വിലയിരുത്തൽ കോൺഗ്രസ് പ്രസിഡന്റിനെ അറിയിച്ചുവെന്നും സുധീരൻ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒറ്റകെട്ടായി ഒരുമിച്ച് നിന്ന് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകും, ഏതു വെല്ലുവിളിയെയും അതിജീവിച്ച് മുന്നോട്ട് പോകാൻ പാർട്ടിയെ ശക്തിപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനെ നിരീക്ഷിക്കുകയും, പ്രതിരോധികേണ്ടപ്പോൾ പ്രതിരോധിച്ചും പ്രക്ഷോഭിക്കേണ്ടപ്പോൾ അതിനും പാർട്ടിക്ക് ശക്തി നൽകുമെന്നും സുധീരൻ പറഞ്ഞു. ഇതുമായി കൂടുതൽ ചർച്ചകൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്ന് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.