നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടൻ സിദ്ദിഖ്. മാധ്യമങ്ങളിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞത്. തീരുമാനം അറിഞ്ഞതിനുശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താരം.
സ്ഥാനാർഥി ആയിക്കോളൂ എന്ന് പറഞ്ഞ് ഔദ്യോഗികമായി യാതൊരു അറിയിപ്പും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് എനിക്ക് ലഭിച്ചിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. സ്ഥാനാർഥി ആവുകയാണെങ്കിൽ ഞാൻ തന്നെ മാദ്ധ്യമ പ്രവർത്തകരെ വിളിച്ച് അക്കാര്യം അറിയിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ അരൂരിൽ നിന്ന് സിദ്ദിഖിന്റെ പേരും ഇടം പിടിച്ചിരുന്നു. പട്ടികയിൽ അന്തിമ തീരുമാനങ്ങൾ വന്നിട്ടില്ല. എന്നാൽ സിദ്ദിഖ് മൽസരിക്കുന്നതിനെതിരെ അരൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമക്കാരെ സിനിമയിലേക്ക് തിരിച്ചയയ്ക്കുക, സിദ്ദിഖ് ഗോ ബാക്ക് എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് നടന്‍ ലാലു അലക്‍സും രംഗത്തെത്തി. മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യം 15 ദിവസത്തിനകം തീരുമാനിക്കുമെന്നും. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിന് അതീതമായി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.