സിനിമാക്കാര് ഇവിടെ കളിക്കേണ്ട; ‘സിദ്ധിക്ക് ഗോബാക്ക് ’- നേതൃത്വത്തെ വെല്ലുവിളിച്ച് പോസ്റ്ററുകള്‍
ഞായര്‍, 6 മാര്‍ച്ച് 2016 (00:48 IST)
ആലപ്പുഴ അരൂര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന് സിദ്ധിഖിനെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ താരത്തിനെതിരെ വ്യാപകമായ പോസ്റ്ററുകള്‍. സിദ്ധിഖ് ഗോ ബാക്ക് എന്നും സിനിമാതാരം സിനിമയിലേക്ക് തന്നെ മടങ്ങിപ്പോകണമെന്നുമാണ് പോസ്റ്ററില്‍ വ്യക്തമാക്കുന്നത്. പൌരസമിതിയുടെ പേരിലാണ് വിവാദമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെ, ജഗദീഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പത്തനാപുരത്ത് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോമാളിയായ ജഗദീഷിനെ സ്ഥാനാര്‍ഥിയായി വേണ്ടെന്നാണ് പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നത്. മത്സരിക്കാന്‍ യോഗ്യരായ നിരവധി പേര് കോണ്‍ഗ്രസില്‍ ഉണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കൊല്ലത്തെ കോൺഗ്രസ് നേതാക്കൾ എങ്ങോട്ട് പോകണം എന്ന് ചോദിച്ചാണ് പോസ്റ്ററുകൾ. കെട്ടിയിറക്കിയ സ്ഥാനാർഥികളെ മണ്ഡലത്തിന് വേണ്ട എന്നും എ സി റൂമിൽ ഇരിക്കുന്ന സംസ്ഥാന നേതാക്കൾ ഇതിന് ഉത്തരം തരണമെന്നും പോസ്റ്ററില്‍ പറയുന്നു. വരുത്തൻമാരേ ഉള്ളോ പത്തനാപുരത്ത് കോൺഗ്രസിന്റെ സ്ഥാനാർഥി എന്നാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ചോദിക്കുന്നത്. കെപിസിസി ഇക്കാര്യത്തിൽ ഇടപെടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ടായിരുന്നു.