നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ ജൂണ്‍ 23ന്; ആരാകണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറയില്ലെന്ന് പിവി അന്‍വര്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 25 മെയ് 2025 (13:07 IST)
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ 23നാണ്. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈസാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇതുവരെ നടന്ന നാലു ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
 
തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. അതേസമയം ആരാകണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറയില്ലെന്ന് പിവി അന്‍വര്‍ പറഞ്ഞു. വലിയ ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ യുഡിഎഫ് വിജയിക്കുമെന്നും പിവി അന്‍വര്‍ കൂട്ടി ചേര്‍ത്തു. 2026 തെരഞ്ഞെടുപ്പ് എങ്ങനെയാകും എന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പെന്നും അന്‍വര്‍ പറഞ്ഞു.
 
പിണറായിസം അവസാനിപ്പിക്കാനാണ് ഞാന്‍ എല്ലാം ചെയ്തതെന്നും പിണറായിസത്തിനും കുടുംബാധിപത്യത്തിനും എതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ക്ക് ഒപ്പമുണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി ആരെന്ന് യുഡിഎഫ് പ്രഖ്യാപിക്കും. അതിന് അവകാശം അവര്‍ക്കാണെന്നും സങ്കീര്‍ണമായ ഒരു വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍