അതേസമയം ബിജെപി നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് കോണ്‍ഗ്രസിനു വോട്ട് മറിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇരു പാര്‍ട്ടികളും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബിജെപി രഹസ്യ ധാരണയുണ്ടായിരുന്നെന്നും അതിന്റെ ആവര്‍ത്തനം നിലമ്പൂരില്‍ കാണുമെന്നും സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ ആരോപിക്കുന്നുണ്ട്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.കെ.അശോക് കുമാര്‍ വെറും 8,595 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ അതിനേക്കാള്‍ കുറവ് വോട്ടുകളേ ബിജെപി ഇത്തവണ പ്രതീക്ഷിക്കുന്നുള്ളൂ. ഇതെല്ലാം കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടെന്ന് ആരോപണം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പേരിനൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ഉപതിരഞ്ഞെടുപ്പ് നേരിടാനും ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നു.
ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. ആര്യാടന്‍ ഷൗക്കത്ത്, വി.എസ്.ജോയ് എന്നിവരെയാണ് പരിഗണിക്കുന്നത്. പി.വി.അന്‍വര്‍ ജോയിക്ക് വേണ്ടി വാദിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാനാണ് താല്‍പര്യം. മറുവശത്ത് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും. എം.സ്വരാജിനെ അടക്കം പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക നേതാവിനാണ് കൂടുതല്‍ സാധ്യത.