സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (08:10 IST)
നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30  മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ( രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ) ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.  
 
പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .
 
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പോലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. 
 
സംസ്ഥാനത്തു 98 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിനും, 77 ശതമാനം ആളുകള്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍