കൊല്ലപ്പെട്ട നിഥിനയുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി അഭിഷേക്. അടുത്തിടെയുണ്ടായ അകല്‍ച്ചയാണ് വൈരാഗ്യത്തിനു കാരണമെന്ന് അഭിഷേക് പൊലീസിന് മൊഴി നല്‍കി. കൊലപാതകം ഉദ്ദേശിച്ചിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാനാണെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് നിഥിനയുടെ കഴുത്തറുത്തത്.
നിഥിന മോളും അഭിഷേക് ബൈജുവും വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. പരീക്ഷ കഴിഞ്ഞ ശേഷവും ഇരുവരും നല്ല സന്തോഷത്തില്‍ സംസാരിക്കുന്നത് കണ്ടവരുണ്ട്. പരീക്ഷ കഴിഞ്ഞ് നിഥിനയും അഭിഷേകും കോളേജ് ഗ്രൗണ്ടിന് അടുത്തേക്ക് നടന്നു. പെട്ടെന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അഭിഷേക് നിഥിനയെ താഴേക്ക് തള്ളിയിട്ടു. മുഖത്തും ദേഹത്തും മര്‍ദിച്ചു. ഇതെല്ലാം കണ്ട് മറ്റ് സഹപാഠികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ഓടിവന്നു. അപ്പോഴേക്കും തന്റെ കൈയിലുണ്ടായിരുന്ന പേപ്പര്‍ കട്ടര്‍ കൊണ്ട് അഭിഷേക് നിഥിനയെ കുത്തി. നിഥിനയുടെ ശരീരത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ് അടുത്തുവന്ന സുഹൃത്തുക്കളും കോളേജ് സെക്യൂരിറ്റി ജീവനക്കാരനും കണ്ടത്. ഗുരുതരമായി പരിക്കേറ്റെങ്കിലും പെണ്‍കുട്ടിക്ക് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരണം സംഭവിച്ചത്.