സെൻ‌കുമാർ ഇൻ; ബെഹ്റ വിജിലൻസിലേക്ക്, അപ്പോൾ ജേക്കബ് തോമസ്?

ചൊവ്വ, 25 ഏപ്രില്‍ 2017 (09:40 IST)
ടി പി സെൻകുമാറിന് അനുകൂലമായി സുപ്രിംകോടതി വിധി വന്ന സാഹചര്യത്തിൽ സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി സർക്കാർ നിയമിക്കും. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ്. ബെഹ്‌റയെ വിജിലൻസ് മേധാവിയായി നിയമിക്കും. 
 
ബെഹ്‌റയെ വിജിലൻസ് മേധാവി ആയി നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഡി ജി പി ഡോ ജേക്കബ് തോമസ് അവധിയിൽ പോയതിനെ തുടർന്ന് വിജിലൻസിന്റെ അധിക ചുമതലകൂടി ബെഹ്റ വഹിക്കുന്നുണ്ട്. ഇത് സ്ഥിരമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
 
സ്ഥാനമാറ്റത്തിനെതിരെ നിയമയുദ്ധം നടത്തി തിരികെയെത്തുന്ന സംസ്ഥാനത്തെ ആദ്യ പൊലീസ് മേധാവിയാകും സെൻകുമാർ. അതേസമയം, പൊലീസ് മേധാവിയായി അധികാരമേൽക്കുന്ന സെൻകുമാർ അവിടെ തുടരുമോ അവധിയിൽപോകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 
 
അതേസമയം, പൊലീസ് മേധാവിയായി തുടർന്നാൽ സെൻകുമാറിന്റെ തുടർപ്രവർത്തനങ്ങൾ വെല്ലുവിളികൾ നിറഞ്ഞതാകും. സെൻകുമാറിന്റെ പിന്തുടർച്ചക്കാരൻ ആരാകും എന്നതുൾപ്പെടെ കാര്യങ്ങൾ പിന്നീടാകും തീരുമാനിക്കുക. അവധിയിലുള്ള ജേക്കബ് തോമസ് മടങ്ങിയെത്തുന്നതോടെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്കും സാധ്യതയുണ്ട്. ബെഹ്റയെ വിജിലൻസ് മേധാവി ആക്കുന്നതോടെ ജേക്കബ് തോമസ് ഇനി മടങ്ങിവരില്ലേ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക