സഹകരണ ബാങ്കുകള്‍ക്ക് നല്‍കാവുന്ന വായ്പാപരിധി കൂട്ടി; പുതിയ തീരുമാനം നിക്ഷേപം കൂടിയതിന്റെ അടിസ്ഥാനത്തിൽ

വെള്ളി, 13 ജനുവരി 2017 (07:06 IST)
സഹകരണബാങ്കുകള്‍വഴി വിതരണംചെയ്യുന്ന വായ്പകള്‍ ഉദാരമാക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു.നിക്ഷേപത്തിന്റെ തോതനുസരിച്ച് വ്യക്തികള്‍ക്ക് നല്‍കാവുന്ന പരമാവധിവായ്പ 10 മുതല്‍ 60 ലക്ഷം വരെയാക്കി. സഹകരണ ബാങ്കുകളിലെ നിക്ഷേപം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
 
ഇതുവരെ 25,000 രൂപവരെയായിരുന്നു വിദ്യാഭ്യാസവായ്പ നല്‍കിയിരുന്നത്. ഇത് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഭൂമിവാങ്ങുന്നതിന് 25 ലക്ഷം രൂപയായിരുന്നത് 35 ലക്ഷമാക്കി. ഭവനവായ്പ 25-ല്‍നിന്ന് 35 ലക്ഷമായും വാഹനവായ്പ, ബിസിനസ് വായ്പ, പണയ വായ്പ എന്നിവ 10-ല്‍നിന്ന് 20 ലക്ഷമായും ഉയര്‍ത്തി.
 
റിസർവ് ബാങ്കിന്റെ നിയന്ത്രണ‌ത്തിൽ വരാത്ത പ്രാഥമിക വായ്പാസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് പുതിയ നയങ്ങൾ ബാധ്യസ്ഥമാവുക. വായ്പകള്‍ക്ക് തിരിച്ചടവ് ഉറപ്പാക്കണമെന്ന നിര്‍ദേശവും സഹകരണസംഘം രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്. ഇനി വാണിജ്യ ബാങ്കുകളോട് മത്സരിക്കാന്‍ പ്രാഥമിക ബാങ്കുകള്‍ക്കും കഴിയും. 80,000 കോടിയോളം രൂപയാണ് സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും മൊത്തം നിക്ഷേപം.

വെബ്ദുനിയ വായിക്കുക