പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ശനി, 10 ജൂലൈ 2021 (08:26 IST)
കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിനടുത്ത് പുതിയ ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നതോടെ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകാന്‍ തുടങ്ങും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനപ്രകാരം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ തുടരാന്‍ സാധ്യത. ഇന്ന് രാവിലെ മുതല്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് തീവ്രമായിട്ടുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ ലഭിക്കും. 
 
വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് 
 
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്. 
ജൂലൈ 11 ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 mm ന് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
ജൂലൈ 10 ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 11 ഞായറാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
ജൂലൈ 10 ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും ജൂലൈ 11 ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം 
 
ജൂലൈ 13 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍