ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദം, കെ സുരേന്ദ്രൻ സി‌കെ ജാനുവിന് 10 ലക്ഷം നൽകിയതായി കെപി‌ജെഎസ് നേതാവ്

ബുധന്‍, 2 ജൂണ്‍ 2021 (15:32 IST)
എൻഡിഎ സ്ഥാനാർഥി‌യാകാൻ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. സികെ ജാനു ആവശ്യപ്പെട്ടത് 10 കോടി രൂപയാണെന്നും വാർത്താസമ്മേളനത്തിൽ പ്രസീത പറഞ്ഞു.
 
പ്രസീതയുടെ ഫോൺ സംഭാഷണം വാട്സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പൊതുമധ്യത്തിൽ വിളിച്ചുപറഞ്ഞ് കൊണ്ട് പ്രസീത രംഗത്ത് വന്നത്. എന്നാൽ സികെ ജാനു ഈ ആരോപണം നിഷേധിച്ചു. തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നുമാണ് സികെ ജാനുവിന്റെ പ്രതികരണം.
 
അതേസമയം കെ.സുരേന്ദ്രൻ്റെ വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് 6 നാണ് ജാനുവിന് പണം നൽകിയതെന്ന് പ്രസീത പറയുന്നു. പണം കിട്ടിയ ശേഷമാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്.പത്ത്‌ ലക്ഷം രൂപ നല്‍കിയാല്‍ സി.കെ. ജാനു സ്ഥാനാര്‍ഥിയാകാമെന്ന്‌ സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച്‌ പണം കൈമാറാമെന്ന്‌ കെ.സുരേന്ദ്രന്‍ മറുപടി പറയുന്നതുമാണ് പുറത്തായ ഫോൺ സംഭാഷണത്തിലുള്ളത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ്‌ സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.
 
കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ്‌ സി.കെ. ജാനുവുമായി ബന്ധപ്പെട്ട വിവാദം, സികെ ജാനുവിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചത്‌ കുഴല്‍പ്പണമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍