ബന്ധുനിയമന വിവാദം: രാജി വെക്കാൻ സന്നദ്ധൻ, സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ കത്ത്

വ്യാഴം, 12 ജനുവരി 2017 (09:48 IST)
ബന്ധുനിയമന വിവാദത്തിൽ പ്രതിയായ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് രാജിക്കത്ത് കൈമാറി. സ്‌ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചാണ് പോൾ ആന്റണി ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുള്ളത്. അതേസമയം, ഇക്കാര്യത്തില്‍ അന്തിമതീരുമാനം സർക്കാരാണ് എടുക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 
 
ബന്ധുനിയമന കേസില്‍ പ്രതിയാക്കി തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കത്തില്‍ പോള്‍ ആന്റണി ചൂണ്ടിക്കാട്ടുന്നു. ആ എഫ്.ഐ.ആറിന്റെ കോപ്പി ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് തുടരണോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.
 
ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി. ഈ കേസിലായിരുന്നു ഇ.പി ജയരാജന് വ്യവസായ മന്ത്രിസ്ഥാനം നഷ്ടമായിരുന്നത്. പോള്‍ ആന്റണിയെ വിജിലന്‍സ് മനപൂര്‍വം കേസില്‍ പ്രതിയാക്കിയെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ കൂട്ടയവധിക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടിലാണ് ആ നീക്കം പാളിയത്.
 

വെബ്ദുനിയ വായിക്കുക