എന്റെ ജീവിതവും സ്വപ്‌നവും നഷ്‌ടമായെന്ന് ജിഷ്‌ണുവിന്റെ ആത്മഹത്യാക്കുറിപ്പ്; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി

ബുധന്‍, 11 ജനുവരി 2017 (18:44 IST)
പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളജിലെ വിദ്യാർഥി ജിഷ്‌ണു പ്രണോയുടെതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസ്.

എന്റെ ജീവിതവും സ്വപ്നവും നഷ്ടമായെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘ഐ ക്വിറ്റ്’ എന്ന് എഴുതി വെട്ടിയിട്ടുമുണ്ട് കത്തിൽ. ജിഷ്‌ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നിൽനിന്നാണ് കത്ത് ലഭിച്ചത്.

അതേസമയം, ജിഷ്‌ണുവിന്റെ മരണത്തില്‍ അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഇരിങ്ങാലക്കുട എഎസ്‌പി കിരൺ നാരായണനാണ് പുതിയ ചുമതല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതായി ഡിജിപി ലോക്‍നാഥ് ബെഹ്‌റ നേരിട്ട് സർക്കുലർ ഇറക്കുകയായിരുന്നു.

തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനായിരുന്നു നേരത്തെ അന്വേഷണ ചുമതല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഈ ഉദ്യോഗസ്ഥനെ ഒരാഴ്ച മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്നാണ് ബിജു സർവീസിൽ തുടർന്നത്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിച്ചത് നേരത്തെ വിവാദമായതോടെയാണ് ഡിജിപി നേരിട്ട് ഇടപ്പെട്ടത്.

വെബ്ദുനിയ വായിക്കുക