നാദിര്‍ഷ ആദ്യം പറഞ്ഞതെല്ലാം കളവ്; അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന നല്‍കി പൊലീസ് - ആശുപത്രിയില്‍ ചികിത്സ തേടി നാദിര്‍ഷ

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (10:31 IST)
നടനും സംവിധായകനുമായ നാദിർഷയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്നും ആവശ്യമാണെങ്കില്‍ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് അറിയിച്ചതോടെയാണ് സംവിധായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വിശദീകരിച്ചു. അതേസമയം, അറസ്റ്റ് ഒഴിവാക്കാനുള്ള ഒരു തന്ത്രമാണ് ഈ ശാരീരിക അസ്വാസ്ഥ്യമെന്നും സൂചനയുണ്ട്.
 
അതേസമയം നാദിര്‍ഷ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് വേണ്ടി നിയമോപദേശം തേടിയെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ് നാദിര്‍ഷ എന്നാണ്  താരത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം എന്താണ് അസുഖമെന്ന കാര്യം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article