മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാറിനെതിരായ വഞ്ചനാക്കേസില്‍ തുടര്‍നടപടികള്‍ക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ നികേഷ് കുമാര്‍ നല്കിയ പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഇന്തോ - ഏഷ്യന്‍ ന്യൂസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ഒന്നര കോടി രൂപ വാങ്ങിയെന്ന് കാണിച്ചായിരുന്നു പരാതി. തൊടുപുഴ സ്വദേശി ലാലി ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിന്റെ തുടര്‍ നടപടികളാണ് സ്റ്റേ ചെയ്തത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്ന് സി പി എം സ്ഥാനാര്‍ത്ഥിയായി എം വി നികേഷ് കുമാര്‍ മത്സരിക്കുന്നുണ്ട്. കേസ് തുടരുകയാണെങ്കില്‍ അത് നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് വഞ്ചനാക്കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നികേഷ് കോടതിയെ സമീപിച്ചത്.