ചിക്കുവിന്റെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവും പാകിസ്ഥാനി പൗരനും കസ്‌റ്റഡിയില്‍

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (17:29 IST)
ഗര്‍ഭിണിയായിരുന്ന മലയാളി നഴ്‌സ് ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. അങ്കമാലി സ്വദേശിനി ചിക്കു റോബർട്ട് (27) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പിൽ ലിൻസനും അയൽവാസിയായ പാകിസ്ഥാനി പൗരനും പൊലീസ് കസ്‌റ്റഡിയില്‍.  

ചിക്കുവിന്റെ ശരീരത്തില്‍ പലയിടത്തുമായി കുത്തേറ്റിരുന്നു. ചെവി അറുത്തു കമ്മലുകള്‍ കവര്‍ന്നിരുന്നതുമാണ് സംശയത്തിന് ഇടയാക്കിയത്. ചിക്കുവിന് ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ലിൻസന്‍  ഫ്ലാറ്റിൽ വന്നു നോക്കിയപ്പോളാണ് ചിക്കുവിനെ കണ്ടത്. ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ലിന്‍‌സണ്‍ ചിക്കുവിനെ ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും കോള്‍ എടുത്തിരുന്നില്ല.

ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ചിക്കുവിനെ ബുധനാഴ്‌ച രാത്രി പത്തുമണിയോടെയാണ് ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നാലുവർഷമായി ഒമാനിൽ നഴ്‌സ് ആയ ചിക്കു ഏഴുമാസം മുൻപാണു വിവാഹിതയായത്. പ്രസവത്തിനായി സെപ്റ്റംബറിൽ നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു. മരണത്തില്‍ പൊലീസിന് സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക് പൌരന്‍ അടുത്ത ഫ്ലാറ്റിലുള്ള വ്യക്തിയാണ്.