ചര്‍ച്ചയില്‍ തീരുമാനമായില്ല; മൂന്നാറില്‍ വീണ്ടും റോഡ് ഉപരോധസമരം

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (08:16 IST)
മൂന്നാറില്‍ പെമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും റോഡ് ഉപരോധസമരം ആരംഭിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് ചേര്‍ന്ന പ്ലാസ്ന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധന സംബന്ധിച്ച് തീരുമാനമായിരുന്നില്ല.  ഈ സാഹചര്യത്തിലാണ് പെമ്പിളൈ ഒരുമ നിരാഹാര സമരത്തിനൊപ്പം റോഡ് ഉപരോധസമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. മൂന്നാറില്‍ സമരം നടത്തുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ഈ നിലപാടിലാണ്. 
 
25 രൂപ വേതന വര്‍ധന നടപ്പാക്കാമെന്ന തോട്ടം ഉടമകളുടെ നിര്‍ദ്ദേശം രാവിലെതന്നെ തൊഴിലാളികള്‍ തള്ളിയിരുന്നു. വേതനം 500 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് 'പൊമ്പിളൈ ഒരുമ' പ്രവര്‍ത്തകരും സംയുക്ത ട്രേഡ് യൂണിയനും സമരം തുടരുന്നത്.
 
നേരത്തെ, ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചിരുന്നു.  എന്നാല്‍, ഇന്നലെ കൂടിയാലോചനകള്‍ക്ക് ശേഷം സമരം മൂന്നാറില്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്നായിരുന്നു തീരുമാനം. അതിനിടെ മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈയുടെ പ്രവര്‍ത്തകര്‍ തലചുറ്റി വീണു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന്  ഇവരെ ആശുപത്രിയിലേക്ക് മാറ്റി.