കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല നടക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്; മന്ത്രി എം എം മണിക്കെതിരെ സിപിഐ

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (12:10 IST)
മന്ത്രി എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ രംഗത്ത്. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഇടതുമുന്നണി വകുപ്പുകള്‍ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല എന്ന് മന്ത്രി മണി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് സിപിഐയുടെ മറുപടി. വകുപ്പ് തീറെഴുതി കൊടുത്തിട്ടില്ല എന്നുപറഞ്ഞു നടക്കുന്നവര്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്ന കാര്യം ഓര്‍ക്കണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ വ്യക്തമാക്കി.
 
ഇടതുമുന്നണിയുടെ നയമാണ് മൂന്നാറില്‍ നടപ്പാക്കുന്നത്. മാഫിയ രാഷ്ട്രീയത്തെയും കൈയേറ്റത്തെയും പിന്തുണക്കുന്നത് ശരിയായ നടപടിയല്ല. എം എം മണിയുടെ പ്രസംഗം അനുചിതമായി പോയെന്നും ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം പറയേണ്ടതെന്നും കെ.കെ ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.
 
മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐക്കും മാധ്യമങ്ങള്‍ക്കുമെതിരെ കഴിഞ്ഞ ദിവസമാണ് എം എം മണി പൊട്ടിത്തെറിച്ച് രംഗത്തെത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്നും കയ്യേറ്റം ഒഴിപ്പിക്കാന്‍ ചെല്ലുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നുമായിരുന്നു മണിയുടെ പ്രതികരണം. 
Next Article