മലയാളി ടെക്നീഷ്യന്‍ രവി സുബ്രഹ്‌മണ്യം വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ചു. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി ടെക്‌നീഷ്യന്‍ മരിച്ചെന്ന് വാര്‍ത്തകള്‍ കഴിഞ്ഞ രാത്രിയില്‍ വന്നിരുന്നെങ്കിലും മരിച്ചയാള്‍ മലയാളിയാണെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ, 12 വർഷമായി എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രവി സുബ്രഹ്മണ്യനാണ് മരണപ്പെട്ടത്. ഇയാൾ 30 വർഷമായി മുംബൈ ഡോംബിവിലിയിൽ താമസിച്ചു വരികയായിരുന്നു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം.
എ ഐ 619 മുംബൈ-ഹൈദരാബാദ് വിമാനത്തിലെ സഹപൈലറ്റിന് പറ്റിയ അബദ്ധമാണ് ദാരുണ സംഭവത്തിന് കാരണമായത്. വിമാനം പിറകോട്ട് തള്ളി മാറ്റാൻ നൽകിയ സിഗ്നൽ തെറ്റിദ്ധരിച്ച സഹപൈലറ്റ് വിമാനം സ്റ്റാർട്ട് ചെയ്യുകയും സമീപത്ത് നിന്നിരുന്ന രവിയെ വിമാന എൻജിൻ ഉള്ളിലേക്ക് വലിച്ചെടുക്കുകയുമായിരുന്നു.