മുല്ലപ്പെരിയാർ വിഷയം: നിലപാട് തിരുത്തി മുഖ്യമന്ത്രി, ഡാം സുരക്ഷിതമല്ലെന്ന നിയമസഭാ കമ്മിറ്റിയുടെ നിലപാടാണ് ശരി

വെള്ളി, 15 ജൂലൈ 2016 (12:06 IST)
മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ നിലപാടിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡാം സുരക്ഷിതമല്ലെന്ന സർവകക്ഷി യോഗത്തിന്റെയും നിയമസഭാ കമ്മിറ്റിയുടെയും നിലപാടാണ് ശരിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വ്യത്യസ്തമായ നിലപാട് താൻ സ്വീകരിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.
 
പിടി തോമസ് എഎല്‍എയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് പിണറായി തന്റെ നിലപാട്  വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് പിണറായി നേരത്തേ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളും മുല്ലപ്പെരിയാർ സമരസമിതിയും ശക്തമായി രംഗത്തെത്തിയതോടെ വിശദീകരണവുമായി മുഖ്യൻ രംഗത്തെത്തിയിരുന്നു.
 
അണക്കെട്ടിന്റെ ഉറപ്പ് ലോകത്തിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെ കൊണ്ട് പരിശോധിപ്പിക്കും. ഡാം വിഷയത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പുതിയ ഡാം വേണ്ടെന്ന് തനിക്കോ സർക്കാരിനോ വേണ്ട എന്ന അഭിപ്രായമില്ലെന്നും പിണറായി വ്യക്തമാക്കി.
 
തമിഴ്നാടുമായി യോജിച്ച് പോകാൻ കഴിയുന്ന നിലപാടുകൾ സ്വീകരിക്കും. ഇരു സംസ്ഥാനങ്ങൾക്കും ദോഷകരമല്ലാത്ത തീരുമാനം സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയിലൂടെ മുന്നോട്ട് പോകണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക