മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നാഗര്‍കോവിലിലെ കാറ്റാടിപാടങ്ങളില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത്രയും കോടികളുടെ നിക്ഷപം നടത്തുവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എങ്ങനെയാണ് സാധിച്ചത്. ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയിട്ടുള്ള അഴിമതികളെല്ലാം അദ്ദേഹത്തിന്റെ അനുമതിയോടെ നടന്നിട്ടുള്ളതാണ്. ശിവശങ്കര്‍ കാറ്റാടിപാടങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കോടികള്‍ അദ്ദേഹത്തിന്റെ മാത്രം പണമല്ല. നാടു ഭരിക്കുന്ന ഭരണാധികള്‍ കൊള്ളയടിച്ച് നേടിയ പണത്തിന്റെ ഭാഗം കൂടിയാണ്. അല്ലെങ്കില്‍ അത് തെളിയിക്കാന്‍ ഭരണാധികള്‍ തയാറാകണം. മുഖ്യമന്ത്രി ശിവശങ്കരന്റെ നിയമനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയില്‍ നിന്ന് സംസ്ഥാനത്തിന് ഒരു മോചനം ലഭിക്കണം. വഞ്ചനയുടെ നാലരവര്‍ഷകാലത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. അഴിമതി, സ്വജനപക്ഷപാതം വഴിവിട്ട നിയമനം എന്നിവ ഒരു ആചാരമെന്ന നിലയിലാണ് ഇടതുസര്‍ക്കാര്‍ ഭരണകാലത്ത് സംസ്ഥാനത്ത് നടന്നത്. സര്‍ സി.പിയെ തോല്‍പിക്കുന്ന രീതിയില്‍ നാടുകണ്ട എറ്റവും വലിയ സര്‍വാധിപതിയെന്ന രൂപത്തിലാണ് മുഖ്യമന്ത്രി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തോന്ന്യവാസവും അഹങ്കാരവും സഹിക്കാവുന്നതിലും അധികമാണ്. മുഖ്യമന്ത്രിയെ അത്രയേറെ ജനങ്ങള്‍ സഹിച്ചു കഴിഞ്ഞിരിക്കുന്നു. ക്ഷമക്കും സഹനത്തിനും അതിരുണ്ടെന്ന് ജനവിധിയിലൂടെ സമൂഹം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.