മദ്യാസക്തി സമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ; ഓൺലൈൻ മദ്യ വിൽപനയ്ക്കെതിരെ ഡിവൈഎഫ്ഐ നേതാവ്

വെള്ളി, 19 ഓഗസ്റ്റ് 2016 (12:50 IST)
ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള കൺസ്യൂമർ ഫെഡിന്റെ പദ്ധതിക്കെതിരെ ഡി വൈ എഫ് ഐ നേതാവ്. ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മദ്യാസക്തി സമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ ആണെന്ന് റിയാസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
 
കഴിഞ്ഞ ദിവസമായിരുന്നു കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹ്ബൂബ് കണ്‍സ്യൂമര്‍ഫെഡിന്റെ മുപ്പത്തിയാറ് ഔട്ട്‌ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ മ്യവില്‍പ്പന തുടങ്ങുമെന്ന് അറിയിച്ചത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ബില്ലുമായി എത്തിയാല്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങിപ്പോവാന്‍ കഴിയുന്ന പുതിയ സംവിധാനമായിരുന്നു ഇത്.
 
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
മദ്യാസക്തി സമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ....
 
ബീഹാറിലെ ഗോപാൽ ഗഞ്ചിൽ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
സമ്പൂർണ്ണ മദ്യ നിരോധം നടപ്പാക്കുന്ന ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വ്യാജമദ്യ ഭീഷണി മനുഷ്യന്റെ ജീവൻ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. 
 
മദ്യാസക്തി തടയുവാൻ മദ്യ വർജനമാണ് ഒരു സർക്കാർ നടപ്പിൽ വരുത്തേണ്ട നയം എന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്. കേരളത്തിൽ ഓൺലൈൻ വഴി മദ്യം നൽകുമെന്ന വാർത്ത പരക്കുന്നുണ്ട്. 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് , നിയമം തടയുന്നുണ്ട്.
ഇത്തരം നീക്കങ്ങൾ ഈ നിയമം ലംഘിക്കാൻ കാരണമാകും. മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാൻ സഹായിക്കുന്നതല്ല ഓൺലൈൻ മദ്യ വിൽപ്പന.

വെബ്ദുനിയ വായിക്കുക