ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം സഹോദരങ്ങളെ വിളിച്ച് ഭീഷണി മുഴക്കിയെന്ന പരാതിയിൽ പൊലീസ് സഹോദരങ്ങളുടെ മൊഴി രേഖപ്പെടുത്തി. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിലേക്ക് കൊണ്ടു പോകുമ്പോഴാണ് നിഷാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയായശേഷം പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പൊലീസ് കേസെടുക്കും.
അതേസമയം ബംഗളൂരു യാത്രയിൽ പൊലീസിനെ കൂടാതെ നിഷാമിനൊപ്പം വിശ്വസ്ത ജീവനക്കാരുമുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. നിഷാമിന്റെ ഓഫിസിലെ ജീവനക്കാരായ ഷിബിൻ, രതീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ബസ് യാത്രയിൽ ഇവരും ഒപ്പം യാത്ര ചെയ്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുൻപ് ഇവർ കണ്ണൂർ സെൻട്രൽ ജയിലിലെത്തി നിഷാമിനെ കണ്ടതിനും തെളിവുകളുണ്ട്.
സഹോദരങ്ങളുമായി നിഷാം നടത്തിയതെന്ന് പറയപ്പെടുന്ന സംഭാഷണങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം നിഷാം ജയിലിനുള്ളില്‍ ഫോണുപയോഗിച്ചിട്ടില്ലെന്ന് ജയില്‍ ഡിഐജി ശിവദാസന്‍ തൈപ്പറമ്പില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജയില്‍ അധികൃതര്‍ നടത്തിയ വിശദമായ പരിശോധനക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.